Saturday, October 22, 2016

ലിംഗ നീതിയ്ക്കും സമത്വത്തിനും വേണ്ടി പോരാടുക; വർഗ്ഗീയ മായി നിർവ്വചിക്കപ്പെട്ട "ഏകീകൃത" സിവിൽ നിയമ സങ്കൽപ്പത്തെ തള്ളിക്കളയുക.
വ്യക്തിനിയമങ്ങളുടെ പരിഷ്കാരത്തിന്റേയും ഏകീകൃത സിവിൽ  കോഡിന്റെയും പ്രശ്നങ്ങൾ ലോ കമ്മീഷനും എൻ ഡി എ സർക്കാരും അവതരിപ്പിക്കുന്ന രീതി പരിശോധിച്ചാൽ വ്യക്തമാകുന്നത് , ലിംഗ നീതിയേക്കുറിച്ചുള്ള താല്പര്യത്തേക്കാൾ ഉപരിയായി അവരെ നയിക്കുന്നത്  വർഗ്ഗീയമായി നിർവ്വചിക്കപ്പെട്ട ഒരു ഏകീകരണ അജൻഡ ഈ രാജ്യത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള വ്യഗ്രതയാണ്.   പ്രശ്നങ്ങൾ ഇപ്രകാരം വർഗീയതയുടെ  ഒരു ചട്ടക്കൂടിൽ അവതരിപ്പിച്ച ശേഷം  ചർച്ച ചെയ്യുന്നത്  ലിംഗനീതിയുമായി ബന്ധപ്പെട്ട് അടിയന്തര പരിഹാരം തേടുന്ന യഥാർത്ഥ  സമസ്യകൾക്ക് പരിഹാരം ഇല്ലാതാക്കുകയാണ് ഫലത്തിൽ ചെയ്യുന്നത്. "ഒരു രാഷ്ട്രത്തിനു ഒരു നിയമം"  എന്ന ബി ജെ പി- ആർ എസ്സ് എസ്സ് പ്രോപ്പഗാൻഡ, ഇന്ത്യയുടെ മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ മാനിക്കുന്നതിലും ഉൾക്കൊള്ളുന്നതിലും അധിഷ്ഠിതമായ ഭരണഘടനാ മൂല്യങ്ങൾക്ക് നേരെതന്നെ നേരിട്ടുള്ള ഒരാക്രമണം ആണ്. വ്യക്തി നിയമങ്ങളുടെ പരിഷ്‌കാരം ന്യൂനപക്ഷ മതക്കാർക്ക്, പ്രത്യേകിച്ചും മുസ്ലീങ്ങൾക്ക് മാത്രമാണ്  ആവശ്യമായിട്ടുള്ളതെന്നും , മുസ്ലീങ്ങളുടേയും ക്രൈസ്തവരുടേയും സിവിൽ നിയമങ്ങൾ ഹിന്ദു വ്യക്തിനിയമത്തെ മാതൃകയാക്കി പരിഷ്‌ക്കരിക്കൽ ആണ് "ഏകീകൃത സിവിൽ കോഡ്" കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അവർ പ്രചരിപ്പിക്കുന്നു. വാസ്തവത്തിൽ , മതപരവും മതേതരവും ആയ എല്ലാ വ്യക്തിനിയമങ്ങളും പരിഷ്കരണം അർഹിക്കുന്നവയാണ്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിൽപ്പെടുന്ന ലിംഗനീതിയും സമത്വവും സാക്ഷാൽക്കരിക്കപ്പെടണമെങ്കിൽ വിവാഹം, വിവാഹ മോചനം, ദായക്രമം, പിന്തുടർച്ചാവകാശം എന്നിവയുമായി ബന്ധപ്പെട്ട  കാര്യങ്ങൾ വ്യത്യസ്തങ്ങളായ വ്യക്തിനിയമങ്ങളിൽ ഏറെ പരിഷ്കാരങ്ങൾക്കു വിധേയമാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, പെൺമക്കൾക്ക് കൂട്ടുകുടുംബ  സ്വത്തിൽ ആണ്മക്കൾക്കു തുല്യം കൈകാര്യകർത്തൃ പദവി നൽകുന്ന  നിയമ ഭേദഗതി സമീപകാലത്ത് (2005 ൽ ) ഉണ്ടായപ്പോൾ അത്  വ്യാപകമായി ലംഘിക്കപ്പെടുകയും,  വിവേചനത്തിന്നെതിരെ ഫലവത്തായ  ഒരു പരിരക്ഷയും സ്ത്രീകളായ അവകാശികൾക്ക്‌ ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ തുടരുകയുമാണ്.
ഹിന്ദു വിവാഹ നിയമമനുസരിച്ചു വിവാഹബന്ധം വേർ പെടുത്തിയ  ഒരു മുൻഭാര്യ അന്യമതം സ്വീകരിച്ചാലോ, "ചാരിത്ര്യം" കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി തെളിഞ്ഞാലോ, ആ ഭാര്യയ്ക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം ലഭിക്കാനുള്ള അവകാശം ഇല്ലാതാവും. ഈ വ്യവസ്ഥ ഫലത്തിൽ  ജീവനാംശം ലഭിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ആണ്കോയ്മയുടെ സദാചാര മൂല്യങ്ങളുമായും മതവിശ്വാസവുമായുംതികച്ചും അനുചിതമായ വിധത്തിൽ കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നത്. വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള നിയമ വിധേയമായ  ഒരു കാരണമായ 'ക്രൂരത കാട്ടൽ ' എന്നത് ഹിന്ദു വിവാഹ നിയമം അംഗീകരിക്കുന്നത് വളരെ അയഞ്ഞതും വലിച്ചുനീട്ടാവുന്നതുമായ ഒരർത്ഥത്തിൽ ആണ്. ആണ്കോയ്മ യുടെ സ്വേച്ഛാപരമായ വ്യാഖ്യാനങ്ങളിൽ ഭർത്താവിന് ഇഷ്ടപ്പെടാത്ത എന്തും 'ക്രൂരത' യായി പരിഗണിക്കപ്പെടുമെന്ന അവസ്ഥയാണ്. ഭർത്താവിന്റെ  മാതാപിതാക്കളുടെ ഒപ്പം താമസിച്ചുവരുന്ന വീട് വിട്ട് തന്നോടൊപ്പം മറ്റൊരു വീട്ടിൽ  മാറിത്താമസിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ച ഒരു ഭാര്യയുടെ നിലപാട്  "ക്രൂരത" യാണെന്ന് ആരോപിച്ചു   ഫയൽ ചെയ്യപ്പെട്ട ഒരു വിവാഹമോചനക്കേസ്  കീഴ്‌ക്കോടതി തള്ളിയതിനെത്തുടർന്നു സുപ്രീം കോടതിയിൽ എത്തിയപ്പോൾ പ്രസ്തുത വിവാഹ മോചന ത്തിനുള്ള ആവശ്യം പരമോന്നത കോടതി അനുവദിക്കുകയാണ് ചെയ്തത്. ഭർത്താവിനെ അയാളുടെ മാതാപിതാക്കളോടൊപ്പം ഉള്ള വാസത്തിൽനിന്നും  വേർപെടുത്താൻ  ഏതൊരു ഭാര്യയും ഉത്സാഹിക്കുകയാണെങ്കിൽ അത് വിവാഹമോചനത്തിന് ഹിന്ദു വിവാഹ നിയമം അംഗീകരിക്കുന്ന കാരണങ്ങളിൽ ഒന്നായ 'ക്രൂരത' യായി കണക്കാക്കാം എന്ന് സുപ്രീം കോടതി പറഞ്ഞു.
സ്‌പെഷൽ മാര്യേജ് ആക്‌റ്റിന്റെ കാര്യമെടുക്കുകയാണെങ്കിൽ, പ്രതിശ്രുത ദമ്പതികൾ അതിന് പ്രകാരം അപേക്ഷ നൽകി ഒരു മാസക്കാലം കാത്തിരിക്കണം എന്ന  വ്യവസ്ഥ പ്രായോഗികമായി ഒട്ടേറെ തടസ്സങ്ങൾ ഉണ്ടാക്കുന്നു. ഭിന്ന മതങ്ങളിലോ ജാതികളിലോ പെട്ടവർക്ക് ഈ നിയമപ്രകാരം വിവാഹിതരാവാൻ കഴിയുന്നതിനു  മുൻപ് നിഷ്കർഷിക്കപ്പെട്ട ഒരു മാസത്തെ കാത്തിരിപ്പു കാലം  ദമ്പതിമാരുടെ മാതാ പിതാക്കൾക്കോ, സാമുദായിക- ജാതീയ പ്രമാണിത്തം പുലർത്തുന്ന ശക്തികൾക്കോ സംഘടിത ഹിംസ ഉപയോഗിച്ച് ഇത്തരം മിശ്ര വിവാഹങ്ങളെ ചെറുക്കാൻ അവസരം ഒരുക്കുന്നു.  ബഹുഭാര്യാത്വത്തെ മുസ്ലിം വ്യക്തിനിയമം അംഗീകരിക്കുന്നുണ്ടെങ്കിലും,  ഗുജറാത്തിലും മറ്റും പ്രയോഗത്തിലുള്ള 'മൈത്രീ കരാർ' ( സൗഹൃദപരമായ സഹവാസ ത്തിനുള്ള ഉടമ്പടി ) ഹിന്ദുക്കളുടെ
യിടയിൽ ദ്വിഭാര്യത്വത്തിന്റെ ഒരു രൂപത്തെ നിയമവിധേയമാക്കുന്നുണ്ട്.
വ്യക്തിനിയമങ്ങളുടെ ബലത്തിൽ 'പ്രത്യേകാവകാശങ്ങൾ' നിലനിർത്തുന്നതും അനുഭവിക്കുന്നതും മുസ്‌ലിം സമുദായം മാത്രമാണ് എന്ന ഒരു ധാരണ വർഗീയ മുൻവിധിമൂലം പ്രചരിപ്പിക്കപ്പെടുന്ന ഒരു കെട്ടുകഥ മാത്രമാണ്. ഹിന്ദു അവിഭക്ത കൂട്ടുകുടുംബങ്ങൾക്ക്‌ പ്രത്യേകം നികുതിയിളവുകൾ അനുവദിക്കപ്പെടുന്നു എന്ന് മാത്രമല്ല, സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവുന്നു ഹിന്ദു ദമ്പതിമാർക്ക് കൂടി ആ ഇളവുകൾ ബാധകമാക്കിയിരിക്കുന്നു. അതേ സമയം,  ലെ മുത്തലാഖും 'ഹലാലാ'യും അനുവദിക്കുന്ന  വകുപ്പുകൾ മുസ്ലിം വ്യക്തി നിയമത്തിൽ നിന്നും നീക്കം ചെയ്യാനുള്ള ആവശ്യം മുസ്‌ലിം സമുദായത്തിന്നുള്ളിൽ നിന്നുതന്നെ ശക്തമായ രീതിയിൽ ഉയർന്നുവന്നിട്ടുമുണ്ട്.
സ്ത്രീകളുടെ അവകാശങ്ങളോടും ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളോടും ഒരേ സമയം തത്ത്വാധിഷ്ഠിത നിലപാടുകൾ സ്വീകരിക്കുന്നതിന് പകരം ഇന്ത്യൻ ഭരണകൂടവും ഭരണവർഗ്ഗ രാഷ്ട്രീയ പ്പാർട്ടികളും പലപ്പോഴും പിന്തുടരുന്നത് അവസരവാദപരമോ, സിനിക്കൽ സ്വഭാവത്തിലുള്ളതോ ആയ സമീപനങ്ങൾ ആണ്. ഷാ ബാനു കേസിൽ ഉണ്ടായ സുപ്രീം കോടതിവിധിയെ മറികടക്കുന്നതിനുവേണ്ടിയും   യാഥാസ്ഥിതിക 
മുസ്‌ലിം മതനേതൃത്വത്തെ  സന്തോഷിപ്പിക്കുന്നതിനുവേണ്ടിയും പുതിയൊരു നിയമനിർമ്മാണം നടത്തിയ കോൺഗ്രസ്സ് സർക്കാർ തന്നെയാണ്  പൂട്ടിക്കിടന്ന ബാബരി മസ്‌ജിദിന്റെ താഴ്  ഹിന്ദുക്കൾക്ക് ആരാധന നടത്താൻ  തുറന്നുകൊടുത്ത് ഹിന്ദുത്വവാദികളേയും  പ്രോത്സാഹിപ്പിച്ചത്.
ബി ജെ പി യൂണിഫോം സിവിൽ കോഡിനുള്ള ആവശ്യം ഉയർത്തിയത് തികച്ചും വർഗീയമായ ഒരു ചട്ടക്കൂട്ടിനുള്ളിൽ  നിന്നുകൊണ്ട് ആയിരുന്നുവെന്നതിനാൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പല ഗ്രൂപ്പുകളും ഇതിന്റെ സ്ഥാനത്ത് ബദൽ ആയി നിർദ്ദേശിച്ചത്  എല്ലാ വ്യക്തിനിയമങ്ങളും 
ലിംഗ സമത്വം ഉറപ്പുവരുത്തും വിധത്തിൽ പരിഷ്കരിക്കുക എന്നതായിരുന്നു. അതുതന്നെ, ഏതൊരു പരിഷ്കാരവും അതാതു സമുദായങ്ങൾക്കുള്ളിൽ നിന്ന് ഉയർന്നുവരുന്ന ആവശ്യങ്ങളോടുള്ള പ്രതികരണമായി വരുന്നതാണ് കൂടുതൽ അഭിലഷണീയം എന്നൊരു കാഴ്ചപ്പാടും ഉണ്ടായിരുന്നു; അല്ലാതെ ആധികാരികതയുടെ ചുവ നൽകപ്പെട്ട ഹിന്ദുത്വ വീക്ഷണങ്ങൾ നിർബന്ധപൂർവ്വം മറ്റു സമുദായങ്ങളിൽ അടിച്ചേൽപ്പിക്കുന്നവിധത്തിലുള്ള  ഏകീകരിക്കൽ  ഒരിയ്ക്കലും ആശാസ്യമല്ല.    2015 ൽ പിന്തുടർച്ചാവകാശം സംബന്ധിച്ച് ഒരു ഹിന്ദു സ്ത്രീ സമർപ്പിച്ച ഹരജിയിന്മേൽ സുപ്രീം കോടതി വാദം കേട്ട സമയത്ത് മുസ്‌ലിം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളുടെ വിഷയം കൂടി പൊന്തിവന്നപ്പോഴാണ് തൽ സംബന്ധമായി ഒരു പൊതുതാൽപ്പര്യ ഹരജി സമർപ്പിക്കപ്പെട്ടാൽ അതുകൂടി പരിഗണിക്കാം എന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. അതിനു ശേഷം മുസ്‌ലിം സ്ത്രീകളുടെ പക്ഷത്ത് നിന്ന്   ധാരാളം ഹരജികൾ  സുപ്രീം കോടതിയിൽസമർപ്പിക്കപ്പെട്ടു. മുത്തലാഖ്, ഹലാലാ എന്നീ നിയമങ്ങൾ തുടരുന്നത് ഭരണഘടനാ ലംഘനം ആയതിനാൽ അവ റദ്ദു ചെയ്യണമെന്നാവശ്യപ്പെടുന്ന ഹരജികൾ വന്നപ്പോൾ, വ്യക്തിനിയമങ്ങളിൽ കോടതികൾക്ക് കൈകടത്താൻ അവകാശമില്ലെന്ന് ആൾ ഇൻഡ്യാ മുസ്ലിം പേർസണൽ ലോ ബോർഡ് (AIMPLB )  സുപ്രീം കോടതിയിൽ വാദം ഉന്നയിച്ചിരുന്നു . അതിനിടയിൽ, പ്രസ്തുത ചർച്ചകളെ വീണ്ടും സജീവമാക്കിയത് ഏകീകൃത സിവിൽ കോഡ്  കൊണ്ടുവരുന്നതിന്റെ പ്രാരംഭ നടപടിയെന്ന നിലയിൽ ലോ കമ്മീഷൻ ഒരു ചോദ്യാവലി തയ്യാറാക്കി രാജ്യത്തിലെ ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചതാണ്.  ചോദ്യാവലിക്കു  മറുപടി നൽകി ഈ പ്രക്രിയയുമായി സഹകരിക്കേണ്ടതില്ലെന്ന് അഖിലേന്ത്യാ മുസ്‍ലീം വ്യക്തിനിയമ ബോർഡ് ( AIMPLB ) തീരുമാനിച്ചിരിക്കുകയാണ്. ബി ജെ പി സർക്കാരിൻറെ വർഗീയ അജൻഡ യുടെ ഒരു ഭാഗം മാത്രമായിട്ടാണ് ലോ കമ്മീഷൻ തയ്യാറാക്കിയ  ചോദ്യാവലിയുമായുള്ള പ്രസ്തുത നീക്കത്തെ  AIMPLB കാണുന്നത്. വ്യക്തിനിയമങ്ങളിൽ  വൈവിധ്യങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമായ ഒരു കാര്യമാണെന്നും അവയെ ഇല്ലാതാക്കാൻ വേണ്ടി ഏകീകരണം അടിച്ചേൽപ്പിക്കുന്നത് സ്വീകാര്യമല്ലെന്നും ആണ് AIMPLB യുടെ നിലപാട്.
ലോ കമ്മീഷണ് തയ്യാറാക്കിയ ചോദ്യാവലിയുടെ ഘടന  അബദ്ധജടിലവും പക്ഷപാതങ്ങൾ നിറഞ്ഞതുമാണ് എന്നതിൽ ഒരു സംശയവുമില്ല. അതിലൂടെ ഉദ്ദേശിക്കുന്ന അജൻഡ എന്താണ് എന്നതിനെക്കുറിച്ചുള്ള  ആശങ്കകൾക്ക് തീർച്ചയായും  ശക്തമായ അടിസ്ഥാനമുണ്ട് . 
ഭരണ കക്ഷിയുടെ വർഗ്ഗീയ അജണ്ടയെ മുന്നോട്ടു കൊണ്ടുപോകാനാണ്  യൂണിഫോം സിവിൽ കോഡ് ഇപ്പോഴത്തെ ഒരു അടിയന്തരാവശ്യം എന്ന നിലയിൽ ചർച്ചകൾ വീണ്ടും തുടങ്ങുന്നത് എന്ന കാര്യം വ്യക്തമാണ്. യൂണിഫോം സിവിൽ കോഡ് പ്രശ്‌നത്തെച്ചൊല്ലി  കേവലം അനുകൂലമായും എതിരായും ഉള്ള  ഒരു ധ്രുവീകരണം ഉണ്ടാക്കാൻ  മാത്രമേ ലോ കമ്മീഷന്റെ ചോദ്യാവലി ഉപകരിക്കുകയുള്ളൂ.  ഗുജറാത്തിലും, അതിനേക്കാൾ സമീപകാലത്ത് യു പി യിലെ മുസഫർ നഗറിലും  അനേകം മുസ്‌ലിം സ്ത്രീകൾ  ബലാൽസംഗം ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തപ്പോൾ വർഗീയ ഹിംസകൾക്കു കൂട്ടുനിന്ന അതേ ബി ജെ പിയാണ് മുസ്‌ലിം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളെച്ചൊല്ലി ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുന്നത് എന്നോർക്കുക.
മുസ്‌ലിം സ്ത്രീകളുടെ അനേകം ഗ്രൂപ്പുകളും  സമുദായത്തിൽപ്പെട്ട സ്ത്രീകൾ 
വ്യക്തികൾ എന്ന നിലയിലും ഇന്ന്  മുസ്‌ലീം   വ്യക്തിനിയമങ്ങളുടെ പരിഷ്കാരം ആവശ്യപ്പെട്ട് മുന്നോട്ടുവരുന്നുണ്ട്. ഇത് തീർച്ചയായും വളരെ ആശാവഹമായ ഒരു സംഗതിയാണ്. ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളൻ, ബേബക് കളക്ടീവ് തുടങ്ങിയ അനേകം ഗ്രൂപ്പുകൾ ഇത്തരത്തിൽ പരിഷ്കാരത്തിനുള്ള ആവശ്യമുന്നയിക്കുന്നുണ്ട്.  അവരെല്ലാം തന്നെ ബി ജെ പിയുടെ വർഗ്ഗീയ അജൻഡ യ്ക്കെതിരാണ് എന്നതുപോലെ അഖിലേന്ത്യാ മുസ്‍ലീം വ്യക്തിനിയമ ബോർഡ് ( AIMPLB )ന്റെ ആൺകോയ്മാ നയങ്ങൾക്കും എതിരായി ശബ് ദം ഉയർത്തുകയാണ്. തുല്യതയ്ക്കും നീതിയ്ക്കും വേണ്ടിയുള്ള ആവശ്യങ്ങൾ ഉയർത്തുന്നത്  ഇനിയും ഒട്ടും വൈകിക്കാൻ പാടില്ലാത്തതാണ് എന്ന് അവർ കരുതുന്നു. സ്വയം മുസ്‌ലീം വ്യക്തിനിയമത്തിന്റെ സൂക്ഷിപ്പുകാരായി സ്വയം അവരോധിച്ചവർ ഇനിയും മേൽപ്പറഞ്ഞ ആവശ്യങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കാത്ത പക്ഷം നീതിക്കു വേണ്ടി കോടതികളേയും ഭരണകൂടത്തേയും  സമീപിക്കുമെന്ന് അവർ വ്യക്തമാക്കുന്നു.   ഭൂരിപക്ഷ വർഗ്ഗീയതയുടെ മൂശയിൽ വാർത്തെടുക്കുന്ന ഒരു  ഏകീകൃത സിവിൽ കോഡ്  രാജ്യത്തിലെ ഞങ്ങളുടെ മേലെ അടിച്ചേൽപ്പിക്കാനുള്ള ഏതൊരു നീക്കത്തേയും പരാജയപ്പെടുത്താനും, അതോടൊപ്പം തന്നെ സ്ത്രീപുരുഷ സമത്വത്തിലധിഷ്ഠിതവും  സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതുമായ തരത്തിൽ വ്യക്തിനിയമ പരിഷ്കാരത്തിനു വേണ്ടിയുള്ള മുദ്രാവാക്യം മുഴക്കുന്ന സ്ത്രീപ്രസ്ഥാനങ്ങൾക്ക്  ഉറച്ച പിന്തുണ നൽകാനും ഈ രാജ്യത്തിലെ ഇടതുപക്ഷ-  പുരോഗമന ശക്തികൾക്ക് ഉത്തരവാദിത്തമുണ്ട് .

No comments:

Post a Comment