Tuesday, December 6, 2016

നോട്ട് നിരോധനം : കള്ളപ്പണവേട്ടയുടെ പേരിൽ ജനങ്ങൾ കഠിനാദ്ധ്വാനത്തിലൂടെ നേടിയ സമ്പാദ്യങ്ങൾക്കുമേലെയും അവരുടെ അന്തസ്സിനും ഉപജീവനത്തിനും നേരെയുമുള്ള ആക്രമണം


നോട്ട് നിരോധനം : കള്ളപ്പണവേട്ടയുടെ പേരിൽ ജനങ്ങൾ കഠിനാദ്ധ്വാനത്തിലൂടെ നേടിയ സമ്പാദ്യങ്ങൾക്കുമേലെയും അവരുടെ അന്തസ്സിനും ഉപജീവനത്തിനും നേരെയുമുള്ള ആക്രമണം

രേന്ദ്ര മോദിയുടെ തുഗ്ലക്കിയൻ ശൈലിയിലുള്ള "നോട്ട് നിരോധന"പ്രഖ്യാപനം വന്നിട്ട് ഒരാഴ്ചയിലേറെയായി. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ ഒറ്റയടിക്ക് മൂല്യമില്ലാത്തതാക്കിയതോടെ ജനങ്ങൾ അവരുടെ കയ്യിൽ സൂക്ഷിച്ചു വെച്ച പ്രസ്തുത നോട്ടുകൾ   മാറിയെടുക്കാനും പുതിയ കറൻസി യുടെ 'റേഷൻ' കിട്ടാനുമായി 
ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും എ റ്റി എം കൗണ്ടറുകളിലും നെട്ടോട്ടത്തിൽ ആണ്. മിക്കവാറും ബാങ്കിങ് നെറ്റ് വർക്കിന്റെ പുറത്ത് ജീവിക്കുന്ന സാധാരണ ജനങ്ങളെ സംബന്ധിച്ചേടത്തോളം 'പ്ലാസ്റ്റിക് പണ'മോ ഇന്റർനെറ്റ് ബാങ്കിങ്ങോ തികച്ചും അപ്രാപ്യമായിരിക്കും എന്ന് പറയേണ്ടതില്ല. വൻതോതിലുള്ള അരക്ഷിതാവസ്ഥയ്ക്കും  ദുരിതങ്ങൾക്കും  മരണങ്ങൾക്ക്  പോലും ഇടയാക്കുന്ന ഗുരുതരമായ ഒരു സ്ഥിതിയിലേക്കാണ് ഇന്ന് ഭൂരിപക്ഷം സാധാരണ ജനങ്ങളും എത്തിപ്പെട്ടിരിക്കുന്നത് .  കള്ളപ്പണത്തിനു മേലെയുള്ള   ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന 'സർജ്ജിക്കൽ സ്ട്രൈക്ക്' ഫലത്തിൽ സാധാരണ ജനങ്ങൾക്കെതിരെയുള്ള 'കാർപ്പെറ്റ് ബോംബിങ്' ആയിരിക്കുകയാണ്.
      നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസക്കാലം ശ്രദ്ധാപൂർവ്വം പരിപാടികൾ തയ്യാറാക്കി വരികയായിരുന്നെന്നാണ് സർക്കാരിന്റെ അവകാശവാദം. നിരോധനത്തിന് മുൻപേ തന്നെ പുതിയ 2000 രൂപാ നോട്ടുകൾ കയ്യിൽ പിടിച്ചു
ബി ജെ പി നേതാക്കൾ നിൽക്കുന്ന ചിത്രം പുറത്ത് വന്നതും , നിരോധന ഉത്തരവിന് ഏതാനും മണിക്കൂറുകൾ മുൻപ് ബി ജെ പി യുടെ പാർട്ടി അക്കൗണ്ടുകളിൽ അടക്കം ചില പ്രത്യേക ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപത്തുക അസ്വാഭാവികമായി ഉയർന്നതും  തീർച്ചയായും വേറൊരു അർഥത്തിൽ മേൽപ്പറഞ്ഞ 'മുന്നൊരുക്കങ്ങളുടെ' സൂചന നൽകുന്നുണ്ട് .എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഈ ഒരുക്കങ്ങളുടെ ഭാഗമായിരുന്നുവെങ്കിൽ, ഈ സർക്കാരിന്റെ കാര്യക്ഷമത അങ്ങേയറ്റം പരിതാപാർഹമാണെന്നും കെടുകാര്യസ്ഥതയുടെ മകുടോദാഹരണമായിത്തീർന്ന ഈ ഭരണത്തെ   എത്ര വേഗത്തിൽ പുറത്താക്കുന്നുവോ അത്രയും രാജ്യത്തിനു നന്ന് എന്നേ പറയാനാവൂ.

        ജനങ്ങളുടെ കയ്യിൽനിന്നും 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ ബാങ്കുകളിൽ അടപ്പിച്ച സർക്കാർ പകരം നൽകിയത് പുതിയ 2000 രൂപാ നോട്ടുകൾ ആയിരുന്നു. എന്നാൽ പഴയ 500 ,1000 നോട്ടുകൾ അപേക്ഷിച്ചു വലുപ്പം കുറഞ്ഞ
അവയുടെ രൂപം മൂലം എ റ്റി എം മെഷീനുകൾക്ക് ഡിസൈൻ മാറ്റം അനിവാര്യമായിത്തീർന്നു .ചെറിയ മൂല്യമുള്ള കറൻസി നോട്ടുകൾ ആവശ്യത്തിന് ലഭ്യമാക്കാത്തതിനാൽ സാധാരണ ക്കാരുടെ സാമ്പത്തിക ജീവിതമാകെ അലങ്കോലമായി.  ജനങ്ങൾ സ്വന്തം പണം ബാങ്കിൽ നിന്നെടുക്കുന്നതിനു 'റേഷൻ' നടപ്പാക്കുകയും പണം പിൻവലിക്കുന്നവരുടെ വിരലിൽ മഷിയടയാളം വെക്കാൻ ഉത്തരവിടുകയും ചെയ്ത സർക്കാർ നടപടികൾ തുടരുമ്പോഴും ബാങ്കിൽ ക്യൂ നിന്ന് വളഞ്ഞവരെ ഉദ്ദേശിച്ചു നൂറു രൂപാ നോട്ടുകളുടെ  കരിഞ്ചന്ത  പുറത്ത് തകൃതിയായി നടക്കുകയാണ്. 
       നോട്ട് നിരോധനം ജനജീവിതത്തിന് ഉണ്ടാക്കുന്ന ദുരിതങ്ങളുടെ വ്യാപ്തി മുൻകൂട്ടി അറിയുന്നതിനുള്ള കാര്യക്ഷമതയില്ലായ്മ തെളിയിക്കുക മാത്രമല്ല സർക്കാർ ചെയ്തിരിക്കുന്നത്; ജനങ്ങളുടെ പ്രയാസങ്ങളിൽ ലേശം പോലും സഹാനുഭൂതി കാണിക്കാൻ തയ്യാറല്ലാത്ത  ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതികരണങ്ങൾ എടുത്തുകാട്ടുന്നത്  അവരെ കഷ്ടപ്പെടുത്തിയ  ദുഷ്ടലാക്കിലുള്ള നിഗൂഢമായ സംതൃപ്തിയും ആനന്ദവും ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്. രാജ്യത്തിലെ എല്ലാ കള്ളപ്പണക്കാരെയും അഴിമതിക്കാരേയും രണ്ടായിരം രൂപയുടെ രണ്ടു കറൻസി നോട്ടുകൾക്കു വേണ്ടി ക്യൂവിൽ നിർത്താൻ തനിക്കു കഴിഞ്ഞുവെന്നാണ് മോദി തന്റെ സ്വതസ്സിദ്ധമായ കൃത്രിമ ഭാഷണ ശൈലിയിൽ അവകാശപ്പെട്ടത്. പാവപ്പെട്ടവർക്കു  ശാന്തരായി ഉറങ്ങാൻ കഴിയുമ്പോൾ  അഴിമതിക്കാരായ പണക്കാർക്ക് ഉറക്കഗുളികകൾ കഴിച്ചിട്ടും ഉറങ്ങാൻ പറ്റുന്നില്ലെന്നു മോദി പറയുന്നു. വിയർപ്പൊഴുക്കി സമ്പാദിച്ച സ്വന്തം പണം മാറ്റിയെടുക്കാൻ ദിവസത്തെ  ജോലിയും കൂലിയും ഉപേക്ഷിച്ചും വിശന്നുവലഞ്ഞും ബാങ്കുകളിലെയും പോസ്റ്റാഫീസുകളിലെയും നീളുന്ന ക്യൂവിൽ പൊരിവെയിലിൽ നിൽക്കുന്നവരെ കാണാതെയാവില്ല  മോദിയുടെ ഈ വാചകമടി എന്നത് ഓർമ്മിക്കുക.

      മണിക്കൂറുകളോളം ക്യൂവിൽ നിന്ന് തളർന്നും , ചികിൽസിക്കാൻ കയ്യിൽ പണമില്ലാതേയും ആളുകൾ മരിക്കുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ മദ്ധ്യപ്രദേശിലെ ഒരു ബി ജെ പി നേതാവ് പറഞ്ഞത് ഭക്ഷണത്തിനു വേണ്ടി ക്യൂവിൽ നിൽക്കുമ്പോഴും ഇത്തരം മരണങ്ങൾ ഉണ്ടാകാം എന്നാണ് . മോദിയുടെ സ്വന്തം മാദ്ധ്യമസേവകർ നമ്മോടു പറയുന്നത് പാവപ്പെട്ടവരുടെ കയ്യിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഉണ്ടാവുകയില്ലെന്നും അതിനാൽ നോട്ട് നിരോധനം പണക്കാരെയും അഴിമതിക്കാരെയും മാത്രം ബാധിക്കുന്ന ഒരു നടപടിയാണെന്നും ആണ്.
 മോദിയുടെ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി പറയുന്നത് ഈ ദിവസങ്ങളിലെ അസൗകര്യങ്ങൾ പണരഹിതമായി ഡിജിറ്റൽ രീതിയിൽ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലേക്ക് മാറാൻ ആളുകൾക്ക്  പ്രേരണ നൽകുമെന്നാണ്. അധികാരത്തിന്റെ ഉന്മാദം  തലയ്ക്കു പിടിച്ച ഭരണാധികാരികളുടേയും ,  സ്വയം ഡിജിറ്റൽ ശാക്തീകരണം ആർജിച്ചതിലൂടെ സാധാരണക്കാരോട് പുച്ഛം വെച്ചുപുലർത്തുന്നവരായിമാറിയ ഇന്ത്യയിലെ നവ വരേണ്യ വിഭാഗത്തിന്റേയും അഹങ്കാരം മുൻപൊരിക്കലും ഇത്രയേറെ തുറന്നുകാട്ടപ്പെട്ടിട്ടില്ല. ബ്രെഡിന് വേണ്ടി മുറവിളികൂട്ടുന്ന,  വിശന്നുപൊരിയുന്ന ജനത്തെ നോക്കി 'റൊട്ടിയില്ലെങ്കിൽ അവർക്കു കെയ്ക്ക് തിന്നാൽ എന്താ' എന്ന് അന്തം വിടുന്ന ഫ്രഞ്ച് വരേണ്യരുടെ കഥയെ ഓർമ്മിപ്പിക്കുന്നതാണ് 'കാശില്ലെങ്കിൽ കാർഡ് ഉപയോഗിക്കാൻ പഠിച്ചോളൂ' എന്ന് ദരിദ്രരോടുള്ള   ബി ജെ പി സർക്കാരിന്റെ ഉപദേശം!

         തുഗ്ലക്കിയൻ രീതിയിലുള്ള ഈ നോട്ട് റദ്ദാക്കൽ നടപടിയെ കള്ളപ്പണത്തിന് മേലെയുള്ള സർജിക്കൽ സ്‌ട്രൈക്ക് ആയി പ്രചരിപ്പിക്കുന്നത് തികച്ചും വഞ്ചനാപരവും അസ്ഥാനത്തും ആണ്. 2014 ൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദി അവകാശപ്പെട്ടത് ബി ജെ പി അധികാരത്തിൽ വന്നാൽ വിദേശ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടവ യടക്കമുള്ള എല്ലാ കള്ളപ്പണവും സർക്കാർ കണ്ടുകെട്ടുകയും നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുമെന്നായിരുന്നു. അങ്ങനെ നാട്ടിലെത്തിക്കുന്ന പണം ഓരോ ഇന്ത്യക്കാരന്റേയും പണമായി കണക്കാക്കി 15  ലക്ഷം രൂപ വീതം വീതിച്ചുനൽകും എന്നും മോദി പറഞ്ഞു. പക്ഷെ അത് തെരഞ്ഞെടുപ്പുകാലത്ത് നടത്താറുള്ള വെറും വാഗ്ദാനങ്ങളുടെ ഭാഗം മാത്രമായിരുന്നുവെന്ന് ബി ജെ പി അദ്ധ്യക്ഷൻ  പിന്നീട് വിശദീകരിച്ചു.
ഇന്നിപ്പോൾ രണ്ടുവർഷം കഴിഞ്ഞു മോദി ശ്രമിക്കുന്നത് കള്ളപ്പണം സംബന്ധിച്ച ചർച്ചകളുടെ കേന്ദ്ര പ്രമേയം ആകെ വിദേശ ബാങ്കുകളിൽ നിന്നും നാടൻ പൂഴ്ത്തിവെപ്പുകാരിലേക്ക് തിരിച്ചു വിടാൻ ആണ്. കള്ളപ്പണക്കാരെല്ലാം അവരുടെ കിടക്കകൾക്കു കീഴെയാണ് പണം ഒളിപ്പിക്കുന്നത് എന്നും, നോട്ടുകൾ റദ്ദാക്കുന്ന ഒറ്റ നടപടിയിലൂടെ അവയെല്ലാം പുറത്തുചാടുമെന്നും തോന്നും മോദിയുടെ അവകാശവാദങ്ങൾ കേട്ടാൽ . കോർപ്പറേറ്റ് കളുടെ നികുതിവെട്ടിപ്പിനും ,  നാട്ടിൽ അനധികൃതമായി  സ്വത്തുക്കൾ കൈക്കലാക്കി പ്രകടനാത്മകമായ  ഉപഭോഗ ശീലങ്ങളിലും  ആഡംബരങ്ങളിലും ആറാടിക്കഴിയുന്നവർക്കും എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന ഒരു സർക്കാർ  കള്ളപ്പണത്തിനെതിരായ ഒരു യുദ്ധമായി കറൻസി റദ്ദാക്കലിനെ വ്യാഖ്യാനിക്കുന്നത്  ജനങ്ങളെ  വഞ്ചിക്കാനല്ലാതെ മറ്റൊന്നിനുമല്ല.

           യാഥാർഥത്തിൽ  കള്ളപ്പണമായി സൂക്ഷിക്കപ്പെട്ട സമ്പാദ്യങ്ങളിൽ ഒരു ചെറിയ ഭാഗം മാത്രമാണ് നോട്ടുകളുടെ രൂപത്തിൽ ഉണ്ടാവുക എന്നത് ഏവർക്കും അറിയാവുന്ന സംഗതിയാണ്. അതുതന്നെ താൽക്കാലികമായി മാത്രമേ കറൻസിയുടെ രൂപത്തിൽ സൂക്ഷിക്കപ്പെടുകയുള്ളൂ. പ്രത്യേകതരം രാഷ്ട്രീയ-സാമ്പത്തിക ഇടപാടുകളിൽ കൈക്കൂലിയുടെ രൂപത്തിൽ  കള്ളപ്പണം നോട്ടുകളായി കൈമാറ്റപ്പെടുന്നുണ്ടാവാം എന്നതൊഴിച്ചാൽ, കള്ളപ്പണത്തിന്റെ സിംഹഭാഗവും റിയൽ എസ്റ്റേറ്റ് ആയോ, ആഭരണങ്ങളായോ, ഷെയറുകളോ ആദായം ലഭിക്കുന്ന മറ്റു നിക്ഷേപങ്ങളോ ആയിട്ടോ ആയിരിക്കും നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ കറൻസി റദ്ദാക്കുന്നതോടെ കള്ളപ്പണം തടയാൻ ലക്‌ഷ്യം വെച്ചാൽത്തന്നെ പണമായി നിൽക്കുന്ന ഒരു ചെറിയ ഭാഗത്തെ മാത്രമേ അത് ബാധിക്കാൻ പോകുന്നുള്ളൂ. വ്യാജ കറൻസികളും കള്ളപ്പണവും നിർമ്മാർജ്ജനം ചെയ്യൽ ലക്‌ഷ്യം വെച്ച് ഇതിനു മുൻപും പ്രത്യേക മൂല്യത്തിലുള്ള നോട്ടുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും അത് കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ല; ഇപ്പോഴത്തെ നടപടികളും അതേപോലെത്തന്നെ  നിഷ്ഫലമായി കലാശിക്കാനാണ് സാധ്യത.
     
    കള്ളപ്പണത്തിന്റേയും സാമ്പത്തിക അഴിമതിയുടെയും വേരുകൾ കിടക്കുന്നത് വൻകിട മൂലധനവും ഭരണകൂടാധികാരവും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ടിലാണ്. 'ചങ്ങാത്ത മുതലാളിത്ത ' മെന്ന് വിളിക്കാവുന്ന ക്രോണി കാപ്പിറ്റലിസത്തിന്റേയും കോർപ്പറേറ്റ് കൊള്ളയുടെയും യുഗത്തിൽ , ഇവ തമ്മിൽ ഉള്ള അടുത്ത ബന്ധം ആണ്  സാമ്പത്തിക രംഗത്തെ ഓരോ നയവും രൂപപ്പെടുത്തുന്നതും നടപ്പാക്കുന്നതും.

        കള്ളപ്പണം ഇല്ലാതാക്കുമെന്നുള്ള മോദിയുടെ വാഗ്ദാനം ഇതാദ്യമായല്ല നാം കാണുന്നത്. ഇതിനു മുൻപ് നടത്തിയ സമാനമായ വാഗ്ദാനത്തിൽ മോദി പറഞ്ഞത് വിദേശ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള കള്ളപ്പണം മുഴുവനും നാട്ടിലെത്തിക്കാൻ തനിക്കു നൂറു ദിവസത്തെ സമയം വേണം എന്നായിരുന്നുവെങ്കിൽ, ഇപ്പോൾ മോദി അവകാശപ്പെടുന്നത് 50 ദിവസങ്ങൾ കൊണ്ട് നാട്ടിലുള്ള കള്ളപ്പണം ഇല്ലാതാക്കുമെന്നാണ്.ഈ  ഒറ്റ വിഷയത്തെ കേന്ദ്രബിന്ദുവാക്കി  ജനങ്ങൾ സർക്കാരിനെ തുറന്നുകാട്ടേണ്ടതും ,വെല്ലുവിളിക്കേണ്ടതും ആണ്.
         
      ജനങ്ങൾ കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിച്ച പണം ബാങ്കിങ് സംവിധാനത്തിൽ എത്തിച്ച ശേഷം,   പൊതുമേഖലാ ബാങ്കുകളിൽ കോർപറേറ്റുകൾ ബോധപൂർവ്വം  ഉണ്ടാക്കി വെച്ച "കിട്ടാക്കടങ്ങൾ" എഴുതിത്തള്ളിയതിന്റെ  ദോഷം നികത്താൻ  ആ പണം ഉപയോഗിക്കുന്നതാണ് കോർപ്പറേറ്റ് ബാങ്ക് കൊള്ളയുടെ ഇന്നത്തെ മാതൃക. അതുപോലെ  സമ്പന്ന വിഭാഗങ്ങൾക്ക്‌ എല്ലാ പ്രകാരത്തിലും ഉള്ള നികുതിയിളവുകളും  നികുതിവെട്ടിപ്പിനുള്ള പരോക്ഷാനുമതിയും പ്രോത്സാഹനവും ലഭിക്കുമ്പോൾ മറുവശത്ത് സാധാരണ ജനങ്ങളുടെ മേലെ അധിക നികുതിയുടെ ഭാരം അടിച്ചേൽപ്പിക്കുന്ന GST  (ഗൂഡ്‌സ് ആൻഡ് സർവീസസ് ടാക്സ്) പോലുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്ന നികുതി ദുഷ്പ്രഭുത്വ വാഴ്ചയും ഇത്തരം നയങ്ങളുടെ   ഭാഗമാണ്. ധനിക വിഭാഗത്തിന്റെ സമ്പാദ്യങ്ങൾക്കു ഉചിതമായ നികുതികൾ ഏർപ്പെടുത്തുന്നതിന് പകരം  നിത്യജീവിതത്തിൽ  അനിവാര്യമായ  സാധാരണ പൊതുഉപഭോഗത്തിനു നികുതി ഏർപ്പെടുത്തുന്ന ജി എസ് ടി ഏറ്റവും പ്രതിലോമകരമായ ഒരു നികുതിനയത്തിന്റെ ഭാഗമാണ്.
സർക്കാർ സ്വയം ഉത്തരവാദിയായ കോർപ്പറേറ്റ് ബാങ്ക് കൊള്ള, നികുതി ദുഷ്പ്രഭുത്വ വാഴ്ച എന്നീ രണ്ട് കുറ്റ  കൃത്യങ്ങൾക്കും പുകമറയിടാനുള്ള  ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ നോട്ട്‌ നിരോധനത്തിന്റെ രൂപത്തിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന അടിയന്തരാവസ്ഥയ്ക്കു സമാനമായ സ്ഥിതി വിശേഷം. പ്രത്യേക സാമ്പത്തിക മേഖല (SEZ ), നിർബന്ധിതമായ  ഭൂമിയേറ്റെടുക്കൽ , ഇവയ്ക്കു ശേഷം സാധാരണ ജനങ്ങൾക്ക് നേരെ വരുന്ന ഏറ്റവും വലിയ സാമ്പത്തിക ആക്രമണമാണ് ഇത്. അതിനാൽ ജനങ്ങൾ സർവ്വ ശക്തിയുപയോഗിച്ചും ഇതിനെ ചെറുക്കേണ്ടത് ആവശ്യമായിരിക്കുന്നു.

           നിയന്ത്രണ രേഖയിൽ സർജ്ജിക്കൽ സ്ട്രൈക്ക് നടത്തിയതായി അവകാശപ്പെട്ട് വോട്ട് ബാങ്ക് സൃഷ്ടിക്കാൻ ശ്രമിക്കുന്ന ബി ജെ പി
അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ  വോട്ട് ബാങ്ക് ഉണ്ടാക്കാൻ ഇപ്പോൾ നമ്മുടെ കീശകളിൽ അതുപോലെ ഒരാക്രമണം നടത്തിയിരിക്കുന്നു. ഈ ദുഷ്ടലാക്കിനെ തിരിച്ചറിഞ്ഞുകൊണ്ട് അതിനെ പരാജയപ്പെടുത്താനുള്ള ഒരവസരമായി വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിനെ ഉപയോഗിക്കാൻ കഴിയണം. രാഷ്ട്രീയവും സാമ്പത്തികവുമായി അപ്രഖ്യാപിതമായ അടിയന്തരാവസ്ഥ നടപ്പാക്കുന്ന ശക്തികളുടെ കുടില ലക്ഷ്യങ്ങൾക്കു ശക്തമായ തിരിച്ചടി നൽകുംവിധത്തിൽ ജനങ്ങൾ സംഘടിക്കണം. സാധാരണക്കാർ കഠിനാദ്ധ്വാനത്തിലൂടെ നേടുന്ന സത്യസന്ധമായ പണത്തെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്കും ഉപജീവനോപാധികൾക്കും നേരെ ആക്രമണം അഴിച്ചുവിടുന്ന മോദി സർക്കാരും സംഘ പരിവാർ ശക്തികളും ജനങ്ങൾ അനുഭവിക്കുന്ന തീരാദുരിതങ്ങളെ  ആഘോഷിക്കുന്നതിൽ നിഗൂഢമായ സംതൃപ്തി വെച്ചുപുലർത്തുകയാണ്. അതിനാൽ അടുത്ത് നടക്കുന്ന  തെരഞ്ഞെടുപ്പുകളിൽ വോട്ടുകൾ രേഖപ്പെടുത്താനായി പോളിങ് ബൂത്തുകളിൽ  ക്യൂവിൽ നിൽക്കുമ്പോൾ  ഈ ചെയ്തികൾക്ക് ഉചിതമായ ശിക്ഷ നൽകാൻ  ജനങ്ങൾ തയ്യാറാവണം.   

No comments:

Post a Comment