Tuesday, December 6, 2016

സഖാവ് ഗണേശന്ന് ചുവപ്പൻ അഭിവാദ്യങ്ങൾ!


സഖാവ് ഗണേശന്ന് ചുവപ്പൻ അഭിവാദ്യങ്ങൾ!


സി പി ഐ (എം എൽ ) സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന സഖാവ് ഗണേശൻ (പി വി ശ്രീനിവാസ് )ൻറെ  വേർപാടിന്റെ ദുഖകരമായ വാർത്ത അറിയിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നുണ്ടായ ട്യൂബർക്കുലർ മെനിഞ്ചൈറ്റിസ്‌  ബാധയെത്തുടർന്ന് ഏതാനും ആഴ്ചകൾ മുൻപ് ഡെൽഹിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന സഖാവിന്റെ അന്ത്യം ഇന്ന് പുലർച്ചെ (ഡിസംബർ 6 ) 2 .30 ന് ആയിരുന്നു.


1939 ൽ പാലക്കാട് ജനിച്ച സഖാവ് ഗണേശന്റെ കുടുംബം കടുത്ത  ദാരിദ്ര്യത്തെത്തുടർന്ന് തൊഴിൽ തേടി ചെന്നൈയിലെത്തി അവിടെ സ്ഥിര താമസക്കാരായി . അഞ്ചാം സ്റ്റാൻഡേർഡ് വരെ മാത്രം  ഔപചാരിക സ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം ചെന്നൈയിൽ  ഒരു ഹോട്ടലിൽ ജോലിനോക്കുകയായിരുന്നപ്പോൾ ആണ് തമിഴ്നാട്ടിലെ  ഹോട്ടൽ തൊഴിലാളികളുടെ ആദ്യത്തെ യൂണിയൻ രൂപീകരിക്കുന്നതിൽ സഖാവ് നേതൃപരമായ പങ്ക് വഹിച്ചത് .

തൊഴിലാളി യൂണിയൻ നേതാവ് എന്ന നിലയിൽ  ലേബർ കോടതികളിൽ  നിരവധി കേസുകൾ സഖാവ് നേരിട്ട് ഹാജരായി വാദിക്കുമായിരുന്നു. കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനവുമായി ബന്ധപ്പെട്ടുതുടങ്ങി ഏറെത്താമസിയാതെ സഖാവ് സി പി ഐ (എം)  തമിഴ്‌നാട് ഘടകത്തിന്റെ നേതൃനിരയിൽ എത്തി.   സി പി ഐ (എം) ന്റെ   തമിഴിലുള്ള പാർട്ടി മുഖപത്രമായ തീക്കതിർ ആദ്യമായി പ്രസിദ്ധീകരിക്കുന്നതിൽ സഖാവ് അപ്പുവുമായി ചേർന്ന് മുഖ്യ പങ്കു വഹിച്ചു  . എന്നാൽ, പിൽക്കാലത്ത്    ഹിന്ദി അടിച്ചേൽപ്പിക്കൽ  വിരുദ്ധ പ്രക്ഷോഭകാലത്ത്  തമിഴ് ദേശീയതയുടെ  പ്രശ്നത്തിലും മറ്റും സഖാവ് അപ്പു അടക്കമുള്ള സി പി ഐ (എം) പാർട്ടി നേതൃനിരയുമായി  ഉണ്ടായ  അഭിപ്രായ ഭിന്നതകളെത്തുടർന്നു സഖാവ് ഗണേശൻ പുറത്തുവരികയും, സി പി ഐ (എം എൽ) സ്ഥാപകരിലൊരാൾ ആവുകയും  ചെയ്തു .
 
പി വി ശ്രീനിവാസ് എന്ന തന്റെ യഥാർത്ഥ പേര് ഉപേക്ഷിച്ചു ഗണേശൻ എന്ന പേര് സഖാവ് സ്വീകരിച്ചത് വിപ്ലവപ്രസ്ഥാനത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച,   
അണ്ണാമലൈ സർവ്വകലാശാലയിൽ  എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്ന ഗണേശൻ എന്നു പേരുള്ള യുവ വിപ്ലവകാരിയുടെ ഓർമ്മ നെഞ്ചിലേറ്റാൻ ആയിരുന്നു.  നക്സൽ ബാരി കർഷക ഉയിർത്തെഴുന്നേൽപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി പോരാട്ടം നടത്തുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ഇന്ത്യയിലെ നൂറുകണക്കിന് യുവജനങ്ങളുടെ പ്രതിനിധിയായിരുന്ന ഗണേശന്റെ നാമം അങ്ങിനെയാണ് ഒരു  വിപ്ലവകാരി  എന്ന നിലയ്ക്കുള്ള സഖാവിന്റെ  അസ്തിത്വത്തിന്റെ തന്നെ ഭാഗമായത് .

    അടിയന്തരാവസ്ഥക്കാലത്തെ വിപ്ലവരാഷ്ട്രീയ  പ്രവർത്തനങ്ങൾക്കിടെ സഖാവ് ഗണേശൻ അറസ്റ്റ് ചെയ്യപ്പെടുകയും ജെയിൽവാസമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ചെന്നൈ ,കാഞ്ചീപുരം , തിരുവള്ളൂർ  എന്നീ പ്രദേശങ്ങളിൽ തൊഴിലാളി വർഗ്ഗം  നടത്തിയ  വീറുറ്റ ഒട്ടേറെ സമരങ്ങളിൽ സഖാവ് നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു.

 1980 ൽ
സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റിയിൽ അംഗമായിരുന്ന സഖാവ് ഗണേശൻ 1982 -88 കാലഘട്ടത്തിലും 1997 മുതൽ 2002 വരേയും പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ പ്രസ്ഥാനത്തിന്റെ  നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു.  കിടയറ്റ ഒരു വിപ്ലവകാരിയെന്ന  നിലയിലും, തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽനിന്നും പ്രസ്ഥാനത്തിന്റെ ബൗദ്ധിക നേതൃനിരയിൽ എത്തിയ അതുല്യനായ ഒരു പോരാളിയെന്ന നിലയിലും സഖാവ് തന്റെ ജീവിതമാകെ വിപ്ലവ ഇടതുപക്ഷത്തിന്റെ അന്തിമ വിജയത്തിന് വേണ്ടി സമർപ്പിച്ചു.  തൊഴിലാളിവർഗ്ഗത്തിന്റേയും ഇടത് പ്രസ്ഥാനങ്ങളുടേയും മുൻകൈയിൽ
ഇന്ത്യയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും നടക്കുന്ന ഓരോ ജനകീയ സമരത്തിന്റേയും ഗതിവിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു  വിശകലനം ചെയ്യാനും  , അതിലൂടെ   ലഭിക്കുന്ന ഉൾക്കാഴ്ചകൾ  ഇടതു പക്ഷത്തിന്റെ വികാസത്തിനുവേണ്ടി  കൂടുതൽ വിശാലാടിസ്ഥാനത്തിൽ പങ്കുവെക്കാനും
സഖാവ് എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു.  ഇതിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും ഉള്ള  ബുദ്ധിജീവികളുമായും  ആക്ടിവിസ്റ്റുകളുമായും  എപ്പോഴും  സംവാദാത്മകമായി  സമ്പർക്കം പുലർത്താൻ സഖാവ് ആഗ്രഹിച്ചു . കക്ഷിരാഷ്ട്രീയമായ  എല്ലാ വിഭാഗീയതകൾക്കും അതീതമായി ഇടതുപക്ഷത്തിനകത്ത് അത്തരം സംവാദങ്ങൾ  നടക്കേണ്ടത് കാലഘട്ടത്തിന്റെ ഒരനിവാര്യതയായിട്ടാണ് സഖാവ് കണ്ടത് .

ഡെൽഹിയിലെ സി പി ഐ (എം എൽ ) കേന്ദ്ര ഓഫീസ് ആയ ചാരൂ ഭവൻ സന്ദർശിച്ചിട്ടുള്ള  അതിഥികൾക്കും
സഖാക്കൾക്കും ഒരിയ്ക്കലും മറക്കാനാവാത്തതാണ്  സഖാവ് ഗണേശന്റെ സ്നേഹോഷ്മളമായ   ആതിഥേയത്വവും സഖാത്വഭാവനയും.

സഖാവ് ഗണേശന്റെ ഭൗതിക ശരീരം
അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാനായി ഇന്ന് (6 -12 -2016)  രാവിലെ  10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഡെൽഹിയിലെ ചാരൂ ഭവനിൽ (U-90 ,Shakarpur ,Delhi)  പ്രദർശിപ്പിച്ച ശേഷം ഉച്ചതിരിഞ്ഞു   നിഗം ബോധ് ഘാട്ടിൽ സംസ്കരിച്ചു .

സഖാവ് ഗണേശന്ന് ചുവപ്പൻ അഭിവാദ്യങ്ങൾ!
 

No comments:

Post a Comment